Thursday, October 25, 2007

പകലുറുങ്ങുമ്പോള്‍ രാത്രികള്‍ ചെയ്തത്

രാത്രിയെക്കാള്‍ നീണ്ടു നില്‍ക്കുന്ന എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍, ഇത്രയ്ക്ക്‌ ആകുമായിരുന്നില്ല. ഉറങ്ങിത്തീര്‍ന്നു പോകുമായിരുന്നു കുറേയധികം. പക്ഷേ, എന്തു ചെയ്യാന്‍ ഉറങ്ങിയിരുന്നില്ല. ഉണര്‍ച്ചയായിരുന്നു വിധി. പുറത്ത്‌ ലോകം കൂര്‍ക്കം വലിക്കുമ്പോള്‍ സ്വയംഭോഗലാസ്യം പോലും തോന്നാത്ത ഉണര്‍ന്നിരിപ്പുകള്‍.

പലതും അപ്പോള്‍ തോന്നിയതാണ്‌. വേണ്ടാതീനമായിപ്പോയി എന്ന്‌ ഒരിക്കലും തോന്നിയിട്ടില്ല. ഉറങ്ങാനുള്ള മരുന്നിനായി വൈദ്യനെ തിരക്കി പോയിട്ടില്ല. ഇന്‍സോംനിയ ഒരു ബുദ്ധിജീവി രോഗമാണ്‌ എന്ന്‌ മേനി നടിച്ചിട്ടില്ല.പക്ഷേ അതിനിടയില്‍ ജീവിതം പല നഗരങ്ങളിലൂടെ, പല ഇരുട്ടുകളിലൂടെ, പലരിലൂടെ കയറിങ്ങിറങ്ങിപ്പോയിരുന്നു. പെട്ടന്ന്‌ ഇടയ്ക്കൊരാള്‍ മുറിഞ്ഞപ്പോള്‍ പെട്ടന്ന്‌ ഓര്‍മകള്‍ ഇരട്ടിയായതു പോലെ. ലഹരി മാത്രമാണ്‌ മിച്ഛം. ഇന്നും എപ്പോഴും.

'കള്ളും പെണ്ണും കഞ്ചാവും' എന്നതിലും വലിയ ഒരു ടാഗ്ലൈന്‍ ഒരു മെയില്‍ ഷോവനിസ്റ്റ്‌ പന്നിക്ക്‌ ഒരിക്കലും കിട്ടാനിടയില്ല. പെണ്ണു തന്നെയാണ്‌ ഏറ്റവും വലിയ ലഹരി എന്ന്‌ നിഷ്കളങ്കമായി സമ്മതിച്ചാല്‍ പോലും, പെണ്ണ്‌ തികയാതെ വരുന്ന ചിലയിടങ്ങളുണ്ട്‌ അഹങ്കാരിയായ ഒരാണിന്റെ ജീവിതത്തില്‍. കള്ളും കഞ്ചാവും വരുന്നത്‌ അങ്ങനെയാണ്‌. ഒറ്റയ്ക്ക്‌ വന്നുശിലിച്ചവയല്ല അവ. കൂടെ കൊണ്ടുവരും ലഹരിയെക്കാള്‍ തീവ്രത കൂടിയ ആണ്‍കൂട്ടുകളെ. രാത്രിയില്‍ പാടിയും പാടാതെയും ആടിയും ആടാതെയും പറഞ്ഞു പറയാതെയും ലഹരി.സൗന്ദര്യലഹരി എന്നു പറഞ്ഞ്‌ ആക്ഷേപിക്കരുത്‌.

ഇന്നത്തെ രാത്രി അതിജീവിക്കുകയാണെങ്കില്‍ വീണ്ടും കാണാം.